ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഭരണ ചരിത്രം
പഴയ കൊച്ചി രാജ്യത്ത് ഉള്‍പ്പെട്ടതും തിരുവിതാംകൂറിനാല് ചുറ്റപ്പെട്ടതുമായ 618 ഏക്കര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള ഒരു ചെറിയ പഞ്ചായത്തായിരുന്നു വടവുകോട്. കൊല്ലവര്‍ഷം 1918-ല്‍ വടവുകോട് പഞ്ചായത്ത് രൂപംകൊണ്ടു. ഇന്ത്യയില്‍ ആദ്യമായി പഞ്ചായത്ത് രൂപംകൊള്ളുന്നത് കൊച്ചി രാജ്യത്തായിരുന്നു. തിരുവിതാംകൂറിലെ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് തെക്ക് നിന്ന് ഭൂമി വെട്ടിപ്പിടിച്ച് വന്നപ്പോള്‍ വടവുകോടിലുള്ള 618 ഏക്കര്‍ ഭൂമി കൊച്ചി രാജ്ഞിയുടെ വകയായതുകൊണ്ട് രാജ്ഞിയുടെ അപേക്ഷയനുസരിച്ച് ഈ ഭൂമി തിരികെ കൊടുക്കുകയും അത് വടവുകോട് പഞ്ചായത്തായി രൂപപ്പെടുകയും ചെയ്തു. പഞ്ചായത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ മുഴുവന്‍ ഫണ്ടും ഗവണ്മെന്റ് നല്‍കിയിരുന്നു. അന്നത്തെ കമ്മറ്റിയുടെ പ്രവര്‍ത്തനകാലം വടവുകോടിന്റെ സുവര്‍ണ്ണകാലഘട്ടമായിരുന്നു. പഞ്ചായത്ത് അതിര്‍ത്തിക്കകത്തുള്ള ചെറുകിട കേസുകള്‍ കേള്‍ക്കുന്നതിനും തീര്‍പ്പുകല്‍പ്പിക്കുന്നതിനും ജനകീയ ജഡ്ജിമാരുണ്ടായിരുന്നു. ജഡ്ജി മത്തായി എന്ന് അറിയപ്പെട്ടിരുന്ന തണ്ണിക്കോട് മത്തായി ഇപ്രകാരമുള്ള ഒരു ജഡ്ജിയായിരുന്നു. ഈ ജഡ്ജിക്ക് അന്ന് 50 രൂപാ വരെ പിഴ ശിക്ഷിക്കുന്നതിന് അധികാരമുണ്ടായിരുന്നു. വിധിക്ക് എതിരായി കോടതിയില്‍ പോകുന്നതിനുപോലും അവകാശം ഉണ്ടായിരുന്നില്ല ഇവിടുത്തെ ജനകീയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന തണ്ണീര്‍ പന്തല്‍ വഴിയാത്രക്കാര്‍ക്കും സ്ക്കൂള് കുട്ടികള്‍ക്കും സംഭാരം വിതരണം ചെയ്തു പോന്നിരുന്നു. മൂത്തേടത്തുകാരും ചക്കലിപ്പടിക്കല് വീട്ടുകാരും ആണ് ഈ പ്രവര്‍ത്തനം നടത്തിയിരുന്നത്. അക്കാലത്താണ് വടവുകോടിലെ പ്രധാനപ്പെട്ട റോഡുകളും, കുളങ്ങളും നിര്‍മ്മിക്കപ്പെട്ടത്. അക്കാലത്തു തന്നെ വടവുകോടില്‍ എല്‍.പി.സ്ക്കൂള്, പോലീസ് സ്റ്റേഷന്, എക്സൈസ് ആഫീസ്, വില്ലേജ് ആഫീസ്, പഞ്ചായത്ത് ആഫീസ്, കാളച്ചന്ത എന്നിവ പ്രവര്‍ത്തിച്ചിരുന്നു. പഞ്ചായത്തിലെ ആദ്യത്തെ പ്രസിഡന്റ് തൃണാശ്ശേരി മനയ്ക്കല്‍ ബ്രഹ്മദത്തന് നമ്പൂതിരിപ്പാട് ആയിരുന്നു.ഇന്നത്തെ തിരുവാണിയൂര്‍ വില്ലേജും പുത്തന്‍ കുരിശ് വില്ലേജും ഉള്‍പ്പെടുന്നതായിരുന്നു പുത്തന്‍ കുരിശ് വില്ലേജ് യൂണിയന്. ഈ യൂണിയന് കൊല്ലവര്‍ഷം 1120-21 (ഏ.ഡി.1944-45) രൂപം പ്രാപിച്ചു. ഈ വില്ലേജ് യൂണിയന് കമ്മറ്റിയുടെ അദ്ധ്യക്ഷന്‍ കുന്നത്തുനാട് താലൂക്ക് തഹസില്‍ദാര്‍ ആയിരുന്നു. വില്ലേജ് യൂണിയന്റെ ഹെഡ്ക്വാര്‍ട്ടേഴ്സ് പുത്തന്‍കുരിശ് ആയിരുന്നു.കോലഞ്ചരിയിലെ സെന്റ് പീറ്റേര്സിലെ പള്ളിയില്‍ നിന്നും ഒരു ചെറിയ കല്‍ക്കുരിശ് ഇവിടെ സ്ഥാപിതമായതോടെ ഈ പ്രദേശത്തിന് പുത്തന്‍കുരിശ് എന്ന പേരുണ്ടായി. ഈ സ്ഥലത്തിന്റെ മുന്‍കാല പേര് പന്നിക്കുഴി എന്നായിരുന്നു. ആദ്യകാലത്ത് സ്ഥാപിതമായ ഒരു ചന്തയാണ് ബാലരാമപുരം ചന്ത. ഇതാണ് ഇന്നത്തെ പുത്തന്‍കുരിശ് ചന്തയായി മാറിയത്. അക്കാലത്ത് ഏറ്റവും പ്രസിദ്ധമായ ഈ ചന്തയില്‍ വിദൂരത്തുനിന്നുപോലും ധാരാളം ആളുകള്‍ വന്നുപോയികൊണ്ടിരുന്നു.
സാമൂഹിക ചരിത്രം
ഈ താലൂക്കില്‍ നടന്ന സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ച ഹരിഹരന് മാസ്റ്റര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലും വൈക്കം സത്യാഗ്രഹത്തിലും ഗാന്ധിജിയോടൊപ്പം പങ്കെടുത്ത സ്വാതന്ത്ര്യസമരസേനാനി ആയിരുന്നു.പണ്ടുമുതല്‍ ജന്മികുടിയാന് വ്യവസ്ഥ നിലനിന്നുരുന്നതും സവര്‍ണ്ണ ജാതി മേധാവിത്വം നിലനിന്നിരുന്നതുമായ ഒരു പഞ്ചായത്താണിത്. ഇവിടുത്തെ ഭൂരിഭാഗം സ്ഥലങ്ങളും കോമന മന, ഐലുര് മന, കോക്കരമന, തൃണാശ്ശേരി മന, തൃപ്പുണിത്തുറ ദേവസ്വം വക, അമ്മ തമ്പുരാന് വക പുന്നാര്ക്കോട് മന, കുഴിക്കാട് മന, മാങ്കുഴിമന, നെല്ലൂര്‍ മന എന്നിവരുടെ കീഴിലായിരുന്നു. ഈ മനകള്് എല്ലാം പുരവയത്ത് പിരിവുകള്‍ എന്നപേരില്‍ പിരിവുകള്‍ നടത്തിയിരുന്നു. ഓണകുല, ഓണക്കാഴ്ച, കൊച്ചചക്ക തുടങ്ങി ഭൂമിയില്‍ കൃഷി ചെയ്യുന്ന കൃഷിയുടെ ആദ്യഫലം നിര്‍ബന്ധമായും ഈ മനകളില്‍ കൊണ്ടുപോയികൊടുക്കണമായിരുന്നു. കൂടാതെ നെല്കൃഷിക്കാര് ഒരു പറ വിത്ത് വിതച്ചാല്‍ 10 പറനെല്ല് മനയ്ക്കല്‍ പാട്ടംകൊടുക്കണമായിരുന്നു. 1953-1954 കാലഘട്ടമായപ്പോഴേയ്ക്കും ദാരിദ്രത്തില്‍ മുഴികിയ കൃഷിക്കാര്‍ സംഘടിക്കാന്‍ തുടങ്ങി. രാത്രികാലങ്ങളില്‍ അവര്‍ ഒരിടത്ത് കൂടിയിരുന്ന് പാട്ടവും വാരവും വെട്ടികുറയ്ക്കണമെന്നും കൃഷിഭൂമി കൃഷിക്കാരന് ലഭിക്കണമെന്നും മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. പുരവയത്ത് പിരിവുകള്‍ അവസാനിപ്പിക്കുക എന്നായിരുന്നു പ്രധാന മുദ്രാവാക്യം. ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ സ്ക്കൂളുകള്‍ വ്യാപകമാവുന്നതിനു മുന്‍പ് ആശാന് കളരികളായിരുന്ന ഈ പ്രദേശത്തെ പ്രധാന വിദ്യാഭ്യാസകേന്ദ്രങ്ങള്‍. മൌലികമായ ഒരു പ്രത്യേകത ഇതിനുള്ളത് പഞ്ചന്ദ്രിയങ്ങള്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു വിദ്യാഭ്യാസമായിരുന്നു ഇവിടെ നടത്തിയിരുന്നത് എന്നുളളതാണ്.പഞ്ചാത്തിലെ ആദ്യത്തെ വിദ്യാലയങ്ങളാണ് വടവുകോട് പ്രൈമറി സ്ക്കുള്, കുഴിക്കാട് സ്ക്കൂള്, പുത്തന്‍കുരിശ് മലയാളം സ്ക്കൂള്, കുറ്റ.ജെ.ബി.എസ്. എന്നിവ. സ്വാതന്ത്ര്യസമ്പാദനത്തിനു മുന്‍പ് പഞ്ചായത്തിലുണ്ടായിരുന്ന ഏക ഹൈസ്ക്കൂള് വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ ഹൈസ്ക്കൂളാണ്. സാമൂഹ്യപ്രവര്‍ത്തകനായിരുന്ന കെ.പി.എബ്രാഹാം ആണ് അതിന്റെ സ്ഥാപകന്‍.
സാംസ്കാരിക ചരിത്രം
സമ്പന്നമായ സാസ്കാരിക പാരമ്പര്യമുള്ള നാടാണ് വടവുകോട് പുത്തന്‍കുരിശ്. മാര്‍ത്താണ്ഡ വര്‍മ്മയുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ ഒരു രാഷ്ട്രീയശക്തിയായി മാറിയതിനു ശേഷമാണ് ഇവിടുത്തെ സാമൂഹ്യഘടനയില്‍ കാര്യമായ മാറ്റം വന്നത്. പൂജാദികളില്‍ ശ്രദ്ധയൂന്നിയിരുന്ന ബ്രാഹ്മണര്‍ അതിനുശേഷം ഭൂജന്മിമാരായി. ഈ പഞ്ചായത്തിലുള്‍പ്പെടുന്ന പ്രദേശങ്ങളില്‍ പല നാടന്‍ കലാരൂപങ്ങളും പ്രചരിച്ചിരുന്നു. അമ്പലങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ചുള്ള കാവടിയാട്ടവും ഉടുക്കുപാട്ടും മുഴുവന്‍ ജനവിഭാഗങ്ങളെയും ആകര്‍ഷിച്ചിരുന്ന കലാരൂപങ്ങളാണ്. പരിചമുട്ടുകളി, വില്ലടിച്ചാന്‍ പാട്ട്, ചീന്തു പാട്ട് മുതലായവ ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. കാവുകളുമായി ബന്ധപ്പെട്ട് സര്‍പ്പംപാട്ടും നടന്നിരുന്നു. കൊടിഞ്ഞൂര്‍ അമ്പലത്തിലെ ഒരുകലാരൂപമായിരുന്നു കളമെഴുത്തുപാട്ട്. ഇവിടുത്തെ കുംഭകുടം ഘോഷയാത്ര ആഘോഷത്തോടെ നടത്തിയിരുന്നു. ഇളംകുളത്തുകാവ് എന്നും ഈ അമ്പലം അറിയപ്പെട്ടിരുന്നു. പുത്തന്‍കുരിശിലെ പുത്തന്‍കാവു ഭഗവതിക്ഷേത്രത്തില്‍ ഗരുഡന് തൂക്കം ഇപ്പോഴും പ്രചാരത്തിലുണ്ട്. മിക്ക അമ്പലങ്ങളിലും ഉത്സവത്തോടനുബന്ധച്ച് ഹരികഥ, കഥകളി, കൂത്ത്, ഓട്ടന്തുള്ളല് മുതലായവയും നടത്തിയിരുന്നു. ഇവിടെയുള്ള വായനശാലകളോടനുബന്ധിച്ച് നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു. അമ്പലമുകള്‍ ഉദയ ലൈബ്രറിയോടനുബന്ധിച്ചും ബ്രഹ്മപുരം, വടവുകോട് വായനശാലകളോടനുബന്ധിച്ചും നടത്തിയിരുന്ന ഇത്തരം നാടകങ്ങളില്‍ വായനശാലാ പ്രവര്‍ത്തകര്‍ തന്നെയാണ് അഭിനേതാക്കളായിരുന്നത്.പഞ്ചായത്തിലെ ആദികാല വായനശാലകള്‍, ബ്രഹ്മപുരം, ഗ്രാമീണ വായനശാല, വടവുകോട് ഗ്രാമീണ വായനശാല, പുറ്റുമാനൂര്‍ വള്ളത്തോള്‍ സ്മാരകവായനശാല, അമ്പലമുകളിലെ ഉദയലൈബ്രറി എന്നിവയായിരുന്നു.