വാര്ഷിക പദ്ധതി 2026-27
നമ്മുടെ ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതി നിർദ്ദേശങ്ങളാണ് ഈ വികസന സെമിനാറിൽ അവതരിപ്പിക്കപ്പെടുന്നത്. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ കാൽനൂറ്റാണ്ട് പിന്നിട്ട അനുഭവക്കരുത്തുമായാണ് നാം ഈ പുതിയ കർമ്മപദ്ധതിക്ക് രൂപം നൽകുന്നത്. ലഭ്യമായ വിഭവങ്ങളെ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തി 'സുസ്ഥിര വികസനം' എന്ന ലക്ഷ്യത്തിലേക്കാണ് നാം ചുവടുവെക്കുന്നത്. സാമൂഹ്യനീതി, അതിദാരിദ്ര്യ നിർമ്മാർജ്ജനം, ശാസ്ത്രീയമായ മാലിന്യ സംസ്കരണം, ആരോഗ്യ സംരക്ഷണം, കാര്യക്ഷമമായ സദ്ഭരണം, കൃഷി, വിദ്യാഭ്യാസം, പശ്ചാത്തല സൗകര്യങ്ങൾ തുടങ്ങി സർവ്വോന്മുഖമായ വികസന ലക്ഷ്യങ്ങളാണ് ഈ പദ്ധതി മുന്നോട്ടുവെക്കുന്നത്.
കഴിഞ്ഞ 25 വർഷക്കാലത്തെ നേട്ടങ്ങളെ സംരക്ഷിച്ചുകൊണ്ട് തന്നെ, വികസനം എത്താത്ത പിന്നോക്ക മേഖലകളിൽ പ്രത്യേക ശ്രദ്ധയൂന്നാൻ നാം ബാധ്യസ്ഥരാണ്. പ്രത്യേകിച്ച് കാർഷിക മേഖലയിൽ നിലനിൽക്കുന്ന പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണേണ്ടതുണ്ട്. വാർഡ്-പഞ്ചായത്ത് തലങ്ങളിലെ കാർഷിക സമിതികളെ കൂടുതൽ സജീവമാക്കി നെൽകൃഷി വ്യാപിപ്പിക്കുവാനും പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുവാനും നമുക്ക് സാധിക്കണം. അതോടൊപ്പം തന്നെ മാലിന്യമുക്തമായ പരിസരം ഉറപ്പാക്കാൻ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. ഹരിത കർമ്മസേനയുടെ സേവനം കൂടുതൽ ഫലപ്രദമാക്കുന്നതിനൊപ്പം മാലിന്യം പൊതുവിടങ്ങളിൽ തള്ളുന്നതിനെതിരെ കർശനമായ നടപടിയും ബോധവൽക്കരണവും നടപ്പിലാക്കുന്നതാണ്.
യുവജന സമൂഹത്തെയും സ്ത്രീകളെയും വികസനത്തിന്റെ മുൻനിരയിലേക്ക് എത്തിക്കുന്നതിനുള്ള പ്രത്യേക പദ്ധതികൾ ഈ വട്ടവും ഉൾപ്പെടുത്തിയിട്ടുണ്ട്. യുവജനങ്ങളുടെ കലാ-കായിക നൈപുണ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം 'ദിശ പദ്ധതി' കൂടുതൽ മികവോടെ മുന്നോട്ട് കൊണ്ടുപോകും. സ്ത്രീകളുടെ സാമൂഹിക പദവി ഉയർത്തുന്നതിനും അവർക്കായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകും. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉന്നതികളുടെ സമഗ്രമായ വികസനത്തിനും നാം ലക്ഷ്യമിടുന്നു. ഇത്തരത്തിൽ സുതാര്യവും ജനകീയവുമായ ഒട്ടേറെ വികസന ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഈ പദ്ധതി നിർദ്ദേശങ്ങൾ രൂപപ്പെടുത്തിയത്. ഈ വലിയ കർമ്മപദ്ധതി വിജയകരമായി നടപ്പിലാക്കുവാൻ ഏവരുടെയും ആത്മാർത്ഥമായ സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുന്നു.