വാര്ഷിക പദ്ധതി 2024-25
പതിനാലാം പഞ്ചവത്സരപദ്ധതിയുടെ മൂന്നാം സാമ്പത്തിക വർഷമായ 2024-25-ലേക്കുള്ള കരട് പദ്ധതി രേഖ അവതരിപ്പിക്കുകയാണ്. മുൻകാലങ്ങളിൽ വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിൽ നടന്ന വികസന പദ്ധതികളുടെ തുടർച്ചയായാണ് ഈ വാർഷിക പദ്ധതി ഭരണസമിതി വിഭാവനം ചെയ്യുന്നത്.ജനകീയാസൂത്രണ പ്രവർത്തനങ്ങളുടെ 25 വർഷക്കാലത്തെ അനുഭവങ്ങളെ മുൻനിർത്തി നാം നേടിയ നേട്ടങ്ങളെ സംരക്ഷിച്ചും പിന്നാക്ക മേഖലകളിൽ ശ്രദ്ധയൂന്നിയും നമുക്ക് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. എന്നിരുന്നാലും, വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ഉള്ള കാർഷിക സമിതികളുടെ ഫലപ്രദമായ പ്രവർത്തനങ്ങളിലൂടെ തരിശുഭൂമിയിൽ 3.6 ഹെക്ടർ നെൽകൃഷി ഇപ്രാവശ്യം വ്യാപിപ്പിക്കുവാനും, പച്ചക്കറി സ്വയംപര്യാപ്തത കൈവരിക്കുവാനും, അതോടൊപ്പം തന്നെ മറ്റ് കൃഷികൾക്ക് പ്രോത്സാഹനം നൽകിക്കൊണ്ട് തരിശുരഹിതമായ പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുവാനും ഭരണസമിതി ശ്രദ്ധയൂന്നിയിട്ടുണ്ട്.
ഹരിത സഹായ സ്ഥാപനമായ സയൻസ് സെന്ററിന്റെ സഹായത്തോടെ എല്ലാ വാർഡുകളിലെയും മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തിയിട്ടുള്ളതും ഹെൽത്ത് ഇൻസ്പെക്ടറെ നിയമിച്ചിട്ടുള്ളതുമാണ്. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്തി പിഴ ഈടാക്കി മാലിന്യസംസ്കരണം മാർച്ചോടുകൂടി 100% എത്തിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.ദിശ പദ്ധതി കൂടുതൽ മികവോടെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ഇതിനോടൊപ്പം കായിക പരിശീലനത്തിന് രണ്ട് അധ്യാപകരെ നിയമിക്കുകയും നീന്തൽ, വോളിബോൾ പരിശീലന പരിപാടികൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. യുവജനങ്ങൾക്കുവേണ്ടി കലാ-കായിക പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകിയും വായനശാലാ ക്ലബ്ബുകളുടെ പ്രവർത്തനം കൂടുതൽ സജീവമാക്കുകയും ചെയ്തിട്ടുണ്ട്.
വനിതാ വികസന പ്രവർത്തനങ്ങൾ കാലികമാക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ശ്രദ്ധയൂന്നിയിട്ടുണ്ട്. കുട്ടികളുടെയും സ്ത്രീകളുടെയും പ്രശ്നങ്ങളിൽ ഇടപെടുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി ജെൻഡർ റിസോഴ്സ് സെന്റർ ആരംഭിച്ചു.ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ ആരംഭിച്ചിട്ടുള്ളതും 40 ഓളം കുട്ടികൾ ഇവിടെ പഠിക്കുകയും അവർക്ക് സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, ചിത്രരചനാ പരിശീലനം എന്നിവ നൽകി വരികയും ചെയ്യുന്നു. FACT-ന്റെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് ബഡ്സ് സ്കൂളിന് വാഹനം വാങ്ങിക്കുകയും ചെയ്തിട്ടുള്ളതാണ്.പകൽവീട് പ്രവർത്തനം ആരംഭിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചുവരുന്നു. വിവിധ വാർഡുകളിൽ ചെറുകിട കുടിവെള്ള പദ്ധതികൾ നടപ്പിലാക്കി വരുന്നു.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും കോളനികളുടെ സമഗ്രമായ വികസനവും നാം ലക്ഷ്യം വയ്ക്കുന്നു. ഈ നിലയിൽ ഒട്ടേറെ വികസന ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.